സ്വകാര്യ മേഖലയിൽ പ്രവാസി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു: വാർത്തകൾ നിഷേധിച്ച് കുവൈറ്റ് ധനമന്ത്രി

Al-Aqeel

കുവൈറ്റ്: സ്വകാര്യ മേഖലയിൽ പ്രവാസി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കുവൈറ്റ് ആക്ടിംഗ് ധനമന്ത്രി മറിയം അൽ അഖീൽ. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലകളിലെ പ്രവാസികളുടെ എണ്ണം ഒന്നരലക്ഷമായി ചുരുക്കുന്നുവെന്ന വാർത്തകൾ ചില പ്രാദേശിക മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. പിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം.

ദേശീയ ജീവനക്കാരുടെ 19/2000 നിയമപ്രകാരമാണ് സ്വകാര്യമേഖലകളിൽ സ്വദേശികളുടെ എണ്ണം കൂട്ടണമെന്ന തീരുമാനം പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവർ തീരുമാനിച്ചത്. ഈ നിയമത്തിലെ ആർട്ടിക്കിൾ 9 പ്രകാരം സ്വകാര്യമേഖലകളിലെ സ്വദേശികളുടെ നിരക്ക് നിശ്ചയിക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. സിവില്‍ സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പഠനം അനുസരിച്ചാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക എന്നും ധനമന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ ഈ നിരക്ക് എല്ലാ രണ്ട് വർഷം കൂടുമ്പോഴും പുതുക്കിക്കൊണ്ടിരിക്കും. സമഗ്രമായ പഠനങ്ങൾക്കും മാർക്കറ്റിന്റെ ആവശ്യകതയും വിദ്യാഭ്യാസ നിലയും സ്വകാര്യ കമ്പനികളുമായി സഹകരിച്ച് നടത്തുന്ന പഠനങ്ങളും അനുസരിച്ചായിരിക്കും ഈ നിരക്കിൽ തീരുമാനമെടുക്കുക എന്നും അവർ കൂട്ടിച്ചേർത്തു.