കുവൈറ്റ് സിറ്റി : കുവൈത്തിൽ പുതിയ ഡ്രൈവിങ് ലൈസന്‍സ് നിയമം. ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അതിന്റെ ഭേദഗതികളും സംബന്ധിച്ച 1976/81-ലെ മന്ത്രിതല പ്രമേയത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന 2025-ലെ ആഭ്യന്തര മന്ത്രിതല തീരുമാനം നമ്പർ 425 ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പുതിയ നിയമം അനുസരിച്ച്, വിദേശികള്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് ലഭ്യമാകും. നിലവിൽ ഇത് മൂന്ന് വർഷമായിരുന്നു. കുവൈത്ത് സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തേക്കാണ് ലൈസൻസ് ലഭിക്കുക. പൗരത്വമില്ലാത്തവർക്ക് അധികൃതർ നൽകുന്ന താമസ രേഖയുടെ കാലാവധി അനുസരിച്ചാകും ലൈസൻസ് പുതുക്കി നൽകുക.
- ഹെവി വെഹിക്കിൾസ് കാറ്റഗറി ∙കാറ്റഗറി-എ: 25ല്‍ അധികം യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ലോക്കോമോട്ടീവ്, 8 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ട്രെയിലർ – സെമി ട്രെയിലർ, അപകട സാധ്യതയുള്ള വസ്തുക്കൾ കൊണ്ടു പോകുന്ന വാഹനം, ഡ്രൈവിങ് ലൈസന്‍സ് പഠിപ്പിക്കാനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍.
- കാറ്റഗറി-ബി: 7 മുതൽ 25 വരെ യാത്രക്കാരെ കൊണ്ടുപോവുന്ന വാഹനം, 2 മുതൽ 8 ടൺ വരെ ചരക്ക് ഉൾക്കൊള്ളുന്ന വാഹനങ്ങൾ തുടങ്ങിയവ ഉള്‍പ്പെടും.
ഈ രണ്ട് കാറ്റഗറികളിലും വിദേശികൾക്ക് ലൈസൻസ് അഞ്ച് വർഷത്തേക്കാണ് ലഭിക്കുക. കാറ്റഗറി ബി ലൈസൻസ് ഉടമകൾക്ക് കാറ്റഗറി എ വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല.






























