കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും അനധികൃതമായി തദ്ദേശീയമായി നിർമ്മിച്ച മദ്യം പിടിച്ചെടുത്തു. സബാഹ് അൽ-സലേം പ്രദേശത്ത് നിന്ന് പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 181 ബാരൽ മദ്യം കണ്ടുകെട്ടിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് നടത്തിയ ഈ ഓപ്പറേഷനിൽ മദ്യ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. അനധികൃത മദ്യനിർമ്മാണശാല നടത്തിയിരുന്ന നിരവധി നേപ്പാളിലെ തൊഴിലാളികളെ അധികൃതർ അറസ്റ്റ് ചെയ്തു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.































