ജനിതക മാറ്റം സംഭവിച്ച കോവിഡ് കേരളത്തിലും

തിരുവനന്തപുരം: കേരളത്തിൽ ആറുപേർക്ക് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടും ആലപ്പുഴയിലും രണ്ടു പേർക്ക് വീതവും കണ്ണൂരും കോട്ടയത്തും ഒരാൾക്ക് വീതവും ആണ് പുതിയ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ വിളിച്ചു ചേർത്ത അടിയന്തര വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. പൂനെയിൽ നടത്തിയ വിശദ പരിശോധനയിലാണ് 6 പേർക്ക് പുതിയ ഇനം വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇവരുടെ സമ്പർക്ക പട്ടിക വിപുലമല്ലെങ്കിലും, സമ്പർക്കപട്ടിക തയ്യാറാക്കി വരികയാണ് ആരോഗ്യ മന്ത്രി അറിയിച്ചു.
ഈ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

യു കെയിൽ നിന്ന് വന്ന 39 പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിൽ 6 പേരുടെ ഫലമാണ് അതി തീവ്ര വൈറസിൻ്റെ സാന്നിധ്യം തെളിയിച്ചത്. പുതിയ സാഹചര്യങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് ഈ കോവിഡ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പ്രായമായവരുടെ ആരോഗ്യ സുരക്ഷയ്ക്കായി റിവേഴ്സ് ക്വാറൻ്റെൻ കർശനമായി നടപ്പാക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.