മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഹോട്ടലുടമ റോയി വയലാട്ടിനും മറ്റ് അഞ്ച് ജീവനക്കാർക്കും ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്നും കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ഇവർ കോടതിയിൽ പറഞ്ഞിരുന്നു. അപകടത്തിൽ പെട്ടവർ ഹോട്ടലിൽ വെച്ച് സ്വന്തം നിലയിൽ പാർട്ടിക്ക് എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു.
തൻ്റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു.






























