കുവൈത്ത് സിറ്റി : പ്രവാസികളുടെ റെസിഡൻസി കരടു നിയമത്തിനു കുവൈത്ത് പാർലമെൻ്റിൻ്റെ അംഗീകാരം. 36 വ്യവസ്ഥകളാണ് ഇതിൽ ഉൾക്കൊള്ളുന്നത്, പ്രതിരോധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകാരം നൽകി. നിയമപരമായ റസിഡൻസി പെർമിറ്റുള്ള പ്രവാസികളെ സുരക്ഷാ അല്ലെങ്കിൽ പൊതുതാൽപ്പര്യ കാരണങ്ങളാൽ അല്ലെങ്കിൽ അവർക്ക് യഥാർത്ഥനിയമാനുസൃതമായ വരുമാന സ്രോതസ്സ് ഇല്ലെങ്കിൽ ആഭ്യന്തര മന്ത്രിക്ക് ഇവരെ നാട് കടത്താൻ അധികാരം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണു കരട് നിയമത്തിൽ അനുശാസിക്കുന്നത്.
മറ്റു പ്രധാന വ്യവസ്ഥകൾ :
– വിദേശിയെ വിവാഹം കഴിച്ച സ്വദേശി സ്ത്രീക്ക് അവരുടെ ഭർത്താവിനെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള അവകാശം ലഭിക്കും.
– ഗാർഹിക തൊഴിലാളികൾ 4 മാസത്തിൽ കൂടുതൽ കാലം രാജ്യത്തിനു പുറത്ത് കഴിഞ്ഞാൽ അവരുടെ താമസരേഖ സ്വമേധയാ റദ്ധാകപ്പെടും. ഇല്ലെങ്കിൽ ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സ്പോൺസർ പ്രത്യേക അനുമതി വാങ്ങണം.
– വിദേശിക്ക് മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് താൽക്കാലിക താമസരേഖ അനുവദിക്കുകയും മൂന്നു മാസം കൂടുമ്പോൾ ഇവ പുതുക്കാവുന്നതുമാണു. എന്നാൽ ഒരു വർഷത്തിനകം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പുതുക്കൽ ലഭിക്കാത്ത പക്ഷം അതിന്റെ കാലാവധി കഴിയുമ്പോൾ അയാൾ രാജ്യം വിടണം.
– ഹോട്ടലുകളിലും അപ്പാർട്ട്മെന്റുകളിലും വാടകയ്ക്ക് താമസിക്കുന്ന വിദേശികളെ കുറിച്ച് ജീവനക്കാർ 24 മണിക്കൂറിനകം ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിക്കണം.
– നിക്ഷേപകർക്ക് 15 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് റസിഡൻസ് പെർമിറ്റ് അനുവദിക്കും.
– കുവൈത്തികളുടെ വിദേശികളായ മക്കൾക്കും കുവൈത്തിൽ റിയൽ എസ്റ്റേറ്റ് ഉടമകൾക്കും പത്ത് വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് താമസരേഖ അനുവദിക്കാവുന്നതാണ്.
– ഒരു വിദേശിക്ക് അഞ്ച് വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് സാധാരണ താമസത്തിന് അനുമതി നൽകാം.
– സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരന് അയാൾ ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ അംഗീകാരമില്ലാതെ മറ്റൊരു സ്ഥാപനത്തിൽ താമസാനുമതി മാറ്റുന്നത് അനുവദിക്കില്ല.