സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

0
70

മലപ്പുറം:സാമൂഹിക പ്രവർത്തകയും സാക്ഷരതാ പ്രസ്ഥാനത്തിന്റെ പ്രണേതാവുമായ പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു. നിശ്ചയദാർഢ്യം കൊണ്ട് സ്വപ്നങ്ങൾക്ക് ചിറക് നൽകിയ റാബിയ കോട്ടയ്ക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 58 വയസ്സുള്ള റാബിയ ഏതാനും വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയായിരുന്നു റാബിയ.

പതിനാലാം വയസ്സിൽ പോളിയോ ബാധിച്ച് ശാരീരിക വെല്ലുവിളികൾ നേരിട്ട റാബിയ, പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം വീട്ടിൽ തന്നെ സാക്ഷരതാ ക്ലാസുകൾ ആരംഭിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് നാട്ടിലെ നിരക്ഷരരായ നിരവധി പേരെ അക്ഷരജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. ഈ സംഭാവനയ്ക്ക് 2022-ൽ പത്മശ്രീ പുരസ്കാരവും യുഎൻ ബഹുമതികളും അവർക്ക് ലഭിച്ചു. ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

1990-കളിൽ സാക്ഷരതാ പ്രവർത്തനത്തിൽ ശക്തമായി ഇടപെട്ട റാബിയ 1994-ൽ ‘ചലനം ചാരിറ്റബിൾ സൊസൈറ്റി’ രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ‘വനിതാ രത്നം’, ‘സീതി സാഹിബ് അവാർഡ്’, ‘യൂണിയൻ ചേംബർ ഇന്റർനാഷണൽ അവാർഡ്’ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട്ട് മൂസക്കുട്ടി ഹാജിയുടെയും ബിയാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായ റാബിയയുടെ ഭർത്താവ് ബങ്കളത്ത് മുഹമ്മദ് ആണ്