മഴക്കെടുതി: സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം; വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച പറ്റിയതായി റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയിൽ പറഞ്ഞു. കേരളത്തില്‍ ഒരു പ്രദേശത്തും പ്രളയമുണ്ടായ ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്ത് വന്നു.

മുന്നറിയിപ്പുകൾ നൽകുന്ന കാര്യത്തിൽ ഔദ്യോഗിക ഏജൻസിയെന്ന് പറയുന്നത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഒക്ടോബർ 16ന് രാവിലെ എട്ടുവരെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ ഓറഞ്ചും യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 10 മണിക്ക് ശേഷം മാത്രമാണ് തീവ്രമഴ മുന്നറിയിപ്പായി റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂനമർദ്ദ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിനെ അവഗണിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ദുരന്ത നിവാരണ അതോറിറ്റി തലവൻ ഓഖി സമയത്തും ഇപ്പോഴും വിദേശത്താണെന്നും അദ്ദേഹത്തിന് വിദേശകാര്യ വകുപ്പിൽ ജോലി നൽകുന്നതാണ് നല്ലതെന്നും പ്രതിപക്ഷം പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പ്രോട്ടോക്കോളില്ലാത്ത ഏക സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. 2018ലെ പ്രളയത്തിൽ നിന്ന് എന്ത് പഠിച്ചുവെന്നും എന്ത് ബദൽ സംവിധാനമാണ് ഏർപ്പെടുത്തിയതെന്നും പ്രതിപക്ഷം സർക്കാരിനോട് ചോദിച്ചു.