ഓപ്പറേഷൻ സിന്ദൂർ: പാക് ഭീകര കേന്ദ്രങ്ങളെ തകർത്ത് ഇന്ത്യ; യുപിയിൽ റെഡ് അലേർട്ട്

0
124

ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തർപ്രദേശ് പോലീസ് ഡിജിപി എക്സ്സൈൽ അറിയിച്ചതനുസരിച്ച്, എല്ലാ പോലീസ് സംവിധാനങ്ങളും ഡിഫൻസ് യൂണിറ്റുകളുമായി ഏകോപിപ്പിക്കുകയും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടതിന് 15 ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ പ്രതികരണം. പാകിസ്ഥാനിലും പാക് നിയന്ത്രണത്തിലുള്ള കശ്മീരിലുമായി ഒൻപത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതോടൊപ്പം ഭീകര പരിശീലന കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു. ലഷ്കർ-എ-തോയ്ബ, ജയ്ഷ്-എ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ താവളങ്ങളാണ് ഇല്ലാതാക്കിയത്.

പുലർച്ചെ 1.44 മണിക്ക് ഇന്ത്യൻ ഭൂസേന, നാവികസേന, വായുസേന എന്നിവ ചേർന്നാണ് ‘ഓപ്പറേഷൻ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. ഈ പ്രതിക്രിയയിൽ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും ഭീകര താവളങ്ങളെ മാത്രമാണ് ലക്ഷ്യം വച്ചതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺവാലിയിൽ പാകിസ്ഥാന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിൽ, മതം ചോദിച്ച് ഭീകരർ 26 പേരെ അവരുടെ ഉറ്റവരുടെ മുന്നിലായി വെടിവച്ച് കൊന്നിരുന്നു.