വയനാട് പുനരധിവാസം: നല്ല നേതൃത്വത്തിന്റെ അഭാവമുണ്ടന്ന് ഗവര്‍ണര്‍

0
194

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പലര്‍ക്കും ഇപ്പോഴും ഭവനങ്ങള്‍ തയ്യാറായിട്ടില്ലെന്നും നല്ല നേതൃത്വത്തിന്റെ അഭാവമാണ് താന്‍ വയനാട്ടില്‍ കണ്ടതെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ‘രണ്ടുതവണ വയനാട്ടിലേക്ക് പോയി. അവിടെ നല്ല ലീഡര്‍ഷിപ്പിന്റെ അഭാവമാണ് കണ്ടത്. അടുത്ത പടി എന്താണ് എന്ന തീരുമാനം എടുത്തിട്ടില്ല. മാനേജ്‌മെന്റില്‍ കുറവുണ്ടായിട്ടുണ്ട്. പലരും പല കാര്യങ്ങളും കിട്ടിയിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.’-രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ നേതൃപാടവം കാണിച്ചുതന്ന ദൗത്യമാണെന്നും പരസ്പര സഹകരണത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും ഗവര്‍ണര്‍ പറഞ്ഞു. മനുഷ്യത്വം ഇല്ലെങ്കില്‍ നാം ഉപയോഗശൂന്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരുവർഷം പൂർത്തിയായി. 2024 ജൂലൈ 29-ന് രാത്രി 11.45-നാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനുമിടയിൽ പുഞ്ചിരിമട്ടം-അട്ടമല, മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായി.  298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചയാകുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.