കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കർശന പരിശോധനയിൽ ഒരു സ്വദേശിയും രണ്ട് ഏഷ്യൻ പ്രവാസികളും പിടിയിലായി. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അൽ-മൻഖഫ്, അൽ-റിഖ, അൽ-മഹ്ബൂല എന്നീ മേഖലകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പിടിയിലായ രണ്ട് ഏഷ്യൻ പ്രവാസികളിൽ നിന്ന് 15 ഗ്രാം മരിജുവാന, 5 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ (ഐസ്), ഒരു ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെടുത്തു.
പിടിയിലായ കുവൈത്തി പൗരന്‍റെ കൈവശം ലഹരിമരുന്ന് കണ്ടെത്തിയില്ലെങ്കിലും പിടികൂടുന്ന സമയത്ത് ഇയാൾ ലഹരിക്ക് അടിമപ്പെട്ട നിലയിലായിരുന്നു. പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുവൈത്തിലെ പുതുക്കിയ മയക്കുമരുന്ന് നിയമപ്രകാരം കുറ്റവാളികൾക്ക് അതികഠിനമായ ശിക്ഷയാണ് ലഭിക്കുക. ലഹരിമരുന്ന് കടത്തുന്നവർക്കും വിൽക്കുന്നവർക്കും വധശിക്ഷ വരെ ലഭിക്കാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.





























