കുവൈത്ത് സിറ്റി: പ്രതിസന്ധി സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയ നഴ്സുമാരായ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തിൽ തിരിച്ചെത്തിച്ച് നഴ്സുമാരുടെ കൂട്ടായ്മയായ ‘നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്’ (NOK). ജസീറ എയർവേയ്‌സുമായി നേരിട്ട് ഏകോപനം നടത്തി വിപണിയിലെ നിലവിലെ നിരക്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാക്കിയാണ് സംഘടന ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കിയതിനൊപ്പം പ്രവർത്തനങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനും സംഘടനയ്ക്ക് സാധിച്ചു.
പ്രസിഡന്റ് സിജുമോൻ തോമസ്, ജനറൽ സെക്രട്ടറി ടീന സൂസൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പാട്രൺ റോയ് യോഹന്നാൻ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങളുടെ സഹകരണത്തോടെയാണ് മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. ഏകദേശം 16 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം കുവൈത്തിലെത്തിയ അംഗങ്ങളെയും കുടുംബങ്ങളെയും സ്വീകരിക്കാൻ സംഘടനാ ഭാരവാഹികൾ നേരിട്ടെത്തിയിരുന്നു. ഇവർക്കായി ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ പ്രഭാതഭക്ഷണവും തുടർന്ന് താമസസ്ഥലങ്ങളിലേക്ക് പോകാനുള്ള പ്രാദേശിക ഗതാഗത സൗകര്യങ്ങളും സംഘടന ഒരുക്കിയിരുന്നു. ഓരോ അംഗത്തെയും കുടുംബാംഗങ്ങളായി കാണുന്ന സമീപനമാണ് ഈ പ്രവർത്തനത്തിന് പിന്നിലെന്നും, അംഗങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയതെന്നും പ്രസിഡന്റ് സിജുമോൻ തോമസ് അറിയിച്ചു. സമയബന്ധിതമായ പിന്തുണയ്ക്കും കരുതലിനും നഴ്സുമാരും അവരുടെ കുടുംബങ്ങളും സംഘടനയോടുള്ള നന്ദി രേഖപ്പെടുത്തി.
Home Kuwait Associations ഇന്ത്യയിൽ കുടുങ്ങിയ നഴ്സുമാരെയും കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തിലെത്തിച്ച് നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് (NOK)































