അനധികൃത ആയുധങ്ങൾ കൈമാറൽ; ഗ്രേസ് പീരിയഡിൽ ലഭിച്ചത് 2,818 ആയുധങ്ങളും 2.84 ലക്ഷം വെടിയുണ്ടകളും

0
14

കുവൈത്ത് സിറ്റി : അനധികൃത ആയുധങ്ങൾ, വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സ്വമേധയാ കൈമാറുന്നതിനായി നൽകിയ പ്രത്യേക ഗ്രേസ് പീരിയഡിൽ ആയിരക്കണക്കിന് വസ്തുക്കൾ അധികൃതർക്ക് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 24 മുതൽ ഏപ്രിൽ 8 വരെ 2,818 ആയുധങ്ങളും 2,84,860 വെടിയുണ്ടകളും കൈമാറപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ നിയമപരമായ സ്ഥാനം ക്രമീകരിക്കാനും പൊതുസുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. സ്വമേധയാ ആയുധങ്ങൾ കൈമാറിയ പൗരന്മാരുടെ സഹകരണത്തെ മന്ത്രാലയം പ്രശംസിക്കുകയും അവരുടെ ഉത്തരവാദിത്വബോധവും ജാഗ്രതയും ദേശീയ സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ സഹായിച്ചതായും വിലയിരുത്തി. ഗ്രേസ് പീരിയഡ് അവസാനിച്ചതോടെ അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.