കേരളത്തിന്റെ വികസന-മതനിരപേക്ഷ പാത തകർക്കാൻ ശ്രമം-കെ.ജെ. ജേക്കബ്

0
18

കുവൈറ്റ് സിറ്റി: രാഷ്ട്രീയത്തിൽ മതം കലർത്തി കേരളത്തിന്റെ മതനിരപേക്ഷതയും സാമൂഹിക ഐക്യവും തകർക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ജെ. ജേക്കബ് പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് സംഘടിപ്പിച്ച 47-ാം വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയവാദികൾ കൊടികുത്തി നേടിയതല്ല കേരളം, മറിച്ച് പുരോഗമന-ജനാധിപത്യ ശക്തികളുടെ പോരാട്ടത്തിലൂടെ നേടിയ ചരിത്രമാണ് ഇന്നത്തെ കേരളമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ജനകീയ ഐക്യത്തെയും തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം കൈവരിച്ച വികസന നേട്ടങ്ങളെ പിന്നോട്ടടിക്കാനാണ് മത-സാമുദായിക സംഘങ്ങൾ ശ്രമിക്കുന്നതെന്നും കെ.ജെ. ജേക്കബ് കുറ്റപ്പെടുത്തി. കേരളത്തെ “സുവർണ്ണകാലത്തിലേക്ക്” നയിക്കും എന്ന പേരിൽ മുന്നോട്ടുവരുന്നവരും അത്തരക്കാരുടെ പിന്തുണയോടെ പ്രചരണം നടത്തുന്നവരും ആദ്യം കേരളം കൈവരിച്ച അടിസ്ഥാന വികസന നേട്ടങ്ങളെയും ലോകത്തെ വെല്ലുന്ന ആരോഗ്യ-വിദ്യാഭ്യാസ നിലവാരത്തെയും പഠിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സനൽകുമാർ നഗറിൽ വെച്ച് (അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ) നടന്ന സമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ലോകകേരള സഭ അംഗം ജെ. സജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലോകകേരള സഭ അംഗം സി.കെ. നൗഷാദ്, വനിതാവേദി പ്രസിഡന്റ് ഷിനി റോബർട്ട്, വൈസ് പ്രസിഡന്റ് പ്രവീൺ, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലാത്ത്, കേന്ദ്ര കമ്മിറ്റി അംഗം പ്രസീത ജിതിൻ, സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ നവീൻ കെ.വി. എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ പി.ബി. സുരേഷ് നന്ദി രേഖപ്പെടുത്തി.