കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ അതിർത്തിക്ക് പുറത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്ത കമ്പനികളുമായി ബന്ധമുള്ള അഞ്ച് കണ്ടെയ്‌നറുകൾ വിശദമായ പരിശോധനക്ക് പിടിച്ചെടുത്തു. സംശയാസ്പദമായ ദ്രാവക പദാർത്ഥം നിറച്ച ഈ കണ്ടെയ്‌നറുകൾക്കുള്ളിൽ കസ്റ്റംസ് അധികൃതർ ബാരലുകൾ കണ്ടെത്തുകയും ഇതിൽനിന്ന് ശേഖരിച്ച് സാമ്പിളുകൾ കൂടുതൽ ലബോറട്ടറി പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ഇതിലെ ചില സാമ്പിളുകളിൽ മണ്ണെണ്ണ അടങ്ങിയിട്ടുള്ളതായും കണ്ടെത്തി. കൂടുതൽ അന്വേഷണത്തിലാണ് ഈ കള്ളക്കടത്തിൽ രണ്ട് കമ്പനികൾ കൂടി ഉൾപ്പെട്ടതായി കണ്ടെത്തിയത്. ഈ കമ്പനികളിൽ നിന്ന് കയറ്റുമതി ചെയ്ത വസ്തുക്കളിൽ ഡീസൽ ഇന്ധനം അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി പൊതു അതോറിറ്റി സ്ഥിരീകരിച്ചു. എല്ലാ കണ്ടെത്തലുകളും നിലവിൽ നിയമപരമായ പരിശോധനയിലാണെന്നും അന്വേഷണങ്ങൾ സജീവമായി തുടരുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. അന്വേഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, കൂടുതൽ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കും.