ബെയ്ലിൻ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്ക് പിൻവലിച്ചു

0
37

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്ക് പിന്‍വലിച്ച് കേരള ബാര്‍ കൗണ്‍സില്‍. ബെയ്ലിന്‍ ദാസിന് നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാനാണ് ബാര്‍ കൗണ്‍സിലിന്റെ അനുമതി.അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടുന്നതിന് അനുസൃതമായി ആയിരിക്കും പ്രാക്ടീസ് ചെയ്യാനുള്ള അനുമതി. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ബെയ്ലിന്‍ ദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ബാര്‍ കൗണ്‍സില്‍ നിലപാട് അറിയിച്ചത്. സസ്പെന്‍ഷന്‍ നടപടിക്കെതിരെ ബെയ്ലിന്‍ ദാസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി.കഴിഞ്ഞ മെയ് 13നാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ ശ്യാമിലിയെ വക്കീല്‍ ഓഫീസില്‍ വെച്ച് മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസ് മര്‍ദ്ദിച്ചത്. കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ബെയ്ലിന്‍ ദാസിനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.