ഹൈദരാബാദ്:കൈക്കൂലി കേസിൽ ഇൻകം ടാക്സ് കമ്മീഷണർ ജീവൻ ലാൽ ലാവിഡിയ ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഷപൂർജി പല്ലോഞ്ചി ഗ്രൂപ്പിന് അനുകൂലമായി ഒരു അപ്പീൽ കേസ് ഒത്തുതീർപ്പാക്കുന്നതിന് 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം.
അറസ്റ്റിലായവരിൽ ഷപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ കാന്തിലാൽ മെഹ്ത, സായിറാം പലിസെട്ടി, നട്ട വീര നാഗ ശ്രീ റാം ഗോപാൽ, സജിത് മജ്ഹർ ഹുസൈൻ ഷാ എന്നിവരും ഉൾപ്പെടുന്നു. സജിത് മജ്ഹർ ഹുസൈൻ ഷായാണ് ജീവൻ ലാലിന് കൈക്കൂലി കൈമാറിയതെന്ന് സിബിഐ വിശദീകരിച്ചു.
ആകെ 14 പേർക്കെതിരെ സിബിഐ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടനിലക്കാരുടെ സഹായത്തോടെ അഴിമതിയും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കേസിൽ പറയുന്നു. ഹൈദരാബാദിലെ ഇൻകം ടാക്സ് കമ്മീഷണർ ജീവൻ ലാൽ ഇടനിലക്കാർ മാർഗ്ഗം കൈക്കൂലി സ്വീകരിച്ചതായി വിവരങ്ങൾ സൂചിപ്പിക്കുന്നു.






























