‘നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണം’; രാഹുല്‍ ഗാന്ധി

0
40

ന്യൂഡൽഹി:ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ സമ്പൂർണ്ണ വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ബിജെപി പരിഹാസ്യമായി കാണുകയും “ബിഹാറിൽ തോൽക്കുമെന്ന് രാഹുൽ ഗാന്ധിയും സംഘവും മുൻകൂട്ടി കണ്ടതിന്റെ പരിഭ്രമമാണിത്” എന്ന് പ്രതികരിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ, ഹരിയാണ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 2009 മുതലുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം മുതൽ പോളിംഗ് ശതമാനത്തിലെ അസാധാരണമായ വർദ്ധനവ് വരെ ഈ അട്ടിമറിയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ ആരോപണങ്ങൾക്ക് മറുപടി നൽകാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുന്ന രീതിയിലാണ് രാഹുൽ ഗാന്ധി പുതിയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നത്.

സമീപകാലത്തെ എല്ലാ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെയും വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കണം. വോട്ടർ പട്ടിക, പോളിംഗ് ശതമാനം തുടങ്ങിയ വിവരങ്ങൾ പരസ്യമാക്കി സംശയങ്ങൾ തീർക്കണം.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ ഉണ്ടായ ഗണ്യമായ വർദ്ധനവ് സംശയാസ്പദമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ വ്യക്തത ഉറപ്പാക്കാൻ പോളിംഗ് ബൂത്തുകളിലെ സിസിടിവി ഫുട്ടേജ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻസിപി ഈ നിലപാടിനെ പിന്തുണച്ചുകൊണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരന്തരമായ അവഗണനയാണ് രാഹുലിനെ കടുത്ത നിലപാടെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു ലേഖനത്തിലൂടെ രാഹുലിന്റെ ആരോപണങ്ങൾ നിരാകരിച്ചു. “കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന പോളിംഗ് ശതമാനമുണ്ടായിരുന്നു. പോളിംഗ് ശതമാനം ഉയർന്ന പ്രദേശങ്ങളിൽ കോൺഗ്രസ് സഖ്യകക്ഷികൾക്ക് വിജയം ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ വോട്ടർമാരിൽ പകുതിയോളം യുവാക്കളാണെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ വിധിയെ രാഹുൽ ഗാന്ധി അപമാനിക്കുകയാണെന്ന് ബിജെപി കടുത്ത ഭാഷയിൽ തിരിച്ചടിച്ചു.

ദില്ലി ഹൈക്കോടതിയെ കോണ്‍ഗ്രസ് സമീപിച്ചതിന് പിന്നാലെയാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. 2009 മുതല്‍ 2024 വരെയുള്ള ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍പട്ടിക വിവരങ്ങളാകും ലഭ്യമാക്കുക.