ധര്‍മസ്ഥല കേസ്: വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിയെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

0
59

ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയയാളെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞ ദിവസം എസ്‌ഐടി തലവന്‍ പ്രണബ് മോഹന്തിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. സാക്ഷിയുടെ മൊഴികളിലും നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ സാക്ഷി നല്‍കിയ കസ്റ്റോഡിയനായ മഹേഷ് തിമറോടിയെ കഴിഞ്ഞ ദിവസം കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സാക്ഷിയെ എസ്‌ഐടി കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നും വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ് ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. 1995നും 2014നുമിടയില്‍ ധര്‍മസ്ഥല ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന സമയത്ത് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം നിരവധി പേരുടെ മൃതദേഹം കുഴിച്ചിട്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മൃതദേഹം അടക്കിയ ഒരു സ്ഥലത്ത് താന്‍ പോയെന്നും അവിടെ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും ഫോട്ടോഗ്രാഫുകള്‍ സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം നാലാം തീയ്യതി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരിശോധനകളില്‍ കിട്ടിയ അസ്ഥികളുടെ ആധികാരികത പരിശോധിക്കാനോ എത്രപേര്‍ ഇരകളായിട്ടുണ്ടോയെന്ന് കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല.

നേത്രാവതി നദിക്ക് സമീപമുള്ള വനത്തില്‍ നിന്ന് മനുഷ്യന്റേതെന്ന് കരുതുന്ന 15 അസ്ഥികള്‍ എസ്‌ഐടി കുഴിച്ചെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 13 സ്ഥലങ്ങളില്‍ ആറാമത്തെ സ്‌പോട്ടില്‍ നിന്നാണ് അസ്ഥി ലഭിച്ചത്. അസ്ഥികള്‍ പുരുഷന്റേതാണെന്നായിരുന്നു പ്രാഥമിക നിഗമനം. സ്ഥലപരിശോധന ആരംഭിച്ച് രണ്ടാമത്തെ ദിവസം തന്നെ എസ്‌ഐടിക്ക് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടുകിട്ടുകയായിരുന്നു. ഒന്നാമത്തെ സ്‌പോട്ടില്‍ നിന്നും ഒരു പാന്‍ കാര്‍ഡും ഡെബിറ്റ് കാര്‍ഡും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം സാക്ഷിക്കെതിരെ സാക്ഷിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സാക്ഷി പറയുന്നത് കള്ളമാണെന്ന് ആരോപിച്ച് ഒന്നാം ഭാര്യ രംഗത്തെത്തിയിരുന്നു. അദ്ദേഹം നല്ല മനുഷ്യനല്ലെന്നും എപ്പോഴും തന്നെയും കുട്ടികളെയും മര്‍ദിക്കുമെന്നും ഇവര്‍ ആരോപിച്ചിരുന്നു. ധര്‍മസ്ഥലയ്‌ക്കെതിരെ ആരോപണം നടത്തിയത് പണത്തിന് വേണ്ടിയാണെന്നും ഒന്നാം ഭാര്യ ആരോപിച്ചിരുന്നു. സാക്ഷിയുടെ സുഹൃത്തും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാക്ഷിയോടൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ആ സമയത്തൊന്നും തന്നെ ഇത്തരത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

ഇതിനിടയില്‍ ധര്‍മസ്ഥലയില്‍ 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യയുടെ അമ്മയെന്ന് അവകാശപ്പെട്ടെത്തിയ സുജാത ഭട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് സുജാത പറഞ്ഞു. ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി തുടങ്ങിയവരുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരം കാര്യം പറഞ്ഞതെന്ന് സുജാത ഭട്ട് പറഞ്ഞു. ഇന്‍സൈറ്റ്‌റഷ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുജാതയുടെ പരാമര്‍ശം. അനന്യയുടെതെന്ന് പറഞ്ഞ് കാണിച്ച ചിത്രവും വ്യജമാണെന്ന് സുജാത പറഞ്ഞു.

എസ്‌ഐടി സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്‌ഐടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സുജാതയുടെ വെളിപ്പെടുത്തല്‍. അനന്യ ഭട്ടിന്റെ പേരില്‍ സുജാത ഉയര്‍ത്തിക്കാട്ടിയ ചിത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അനന്യ മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു എന്നാണ് സുജാത പറഞ്ഞത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ അനന്യ പഠിച്ചതുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്ന് എസ്‌ഐടി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രവുമല്ല സുജാത ഉയര്‍ത്തിക്കാട്ടിയ ചിത്രം സുജാതയുമായി പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.