മുഖ്യമന്ത്രിയുമായുളള ചര്‍ച്ച വിഫലം; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല, വിട്ടുനിൽക്കും

0
75

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിക്കാഴ്ച്ച വിഫലം. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഐ. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ചര്‍ച്ചയില്‍ പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണ് വിവരം.

 

പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ നിര്‍ണായക ചര്‍ച്ച അൽപ്പസമയം മുൻപാണ് പൂർത്തിയായത്. ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സിപിഐ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പിഎം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നതുവരെ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐയുടെ തീരുമാനം. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യത്തില്‍ നിന്ന് അയയേണ്ടതില്ല എന്നാണ് എക്‌സിക്യൂട്ടീവില്‍ തീരുമാനമെടുത്തത്.

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് സിപിഐഎം ഈ നിലപാടിലെത്തിയത്. തുടര്‍ നടപടികളില്‍ തിടുക്കം കാണിക്കേണ്ടെന്നും സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലെ ഫയല്‍ നീക്കത്തില്‍ തിടുക്കം കാണിക്കില്ല. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. പദ്ധതി നടപ്പാക്കാന്‍ മേല്‍നോട്ട സമിതിയെ നിയോഗിക്കും. ഉടന്‍ എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉള്‍പ്പെടെ തീരുമാനിക്കാനും സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു.