തിരുവനന്തപുരം:കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകൾ, പരീക്ഷകൾ എന്നിവ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾ നടത്തുന്ന KBPE യുടെ പേരിൽ പ്രവർത്തിക്കുന്ന ഈ വെബ്സൈറ്റ് ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
വ്യാജ സൈറ്റിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ചിത്രവും ‘ചെയർമാൻ’ എന്ന പദവിയും ചേർത്തിട്ടുണ്ട്. ഗൂഗിൾ തിരയുമ്പോൾ ആദ്യം ലഭിക്കുന്നത് ഈ വെബ്സൈറ്റാണ്. ഇതിലൂടെ പരീക്ഷകൾ നടത്തി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. മന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിൽ, അന്വേഷിച്ച് ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.