ജിസിസി രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം തുടരും; ലുലു ഗ്രൂപ്പ് നീക്കങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് യൂസഫലി

0
7

ന്യൂഡൽഹി: ജിസിസി രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. നിലവിലെ ആഗോള വെല്ലുവിളികൾക്കിടെ വിതരണ ശൃംഖല സ്ഥിരതയോടെ തുടരാൻ ലുലു ഗ്രൂപ്പ് കൈക്കൊള്ളുന്ന വിവിധ നടപടികളാണ് അദ്ദേഹം വിശദീകരിച്ചത്.

ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഗൾഫ് മേഖലയിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ചർച്ചയായി. വലിയ ഇന്ത്യൻ പ്രവാസി സമൂഹം താമസിക്കുന്ന ജിസിസി രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന ആവശ്യകതയുള്ള സാഹചര്യത്തിൽ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെയും വിലസ്ഥിരത ഉറപ്പാക്കുന്നതിന്റെയും ആവശ്യകതയും ചർച്ചയായി. ജിസിസി രാജ്യങ്ങളിലാകെ 280-ലധികം ഹൈപ്പർമാർക്കറ്റുകൾ നടത്തുന്ന ലുലു ഗ്രൂപ്പ് മേഖലയിലെ പ്രധാന ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലൊന്നാണ്. അനിവാര്യ സാധനങ്ങളുടെ ലഭ്യതയിൽ തടസ്സമുണ്ടാകാതിരിക്കാനും വിപണിയിലെ ആത്മവിശ്വാസം നിലനിർത്താനും അടുത്തകാലത്ത് ഗ്രൂപ്പ് വിവിധ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ 15,000 ടൺ നശിക്കാവുന്നതും ദീർഘകാലം സൂക്ഷിക്കാവുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ ജിസിസി രാജ്യങ്ങളിലേക്ക് എത്തിച്ചതായി യൂസഫലി അറിയിച്ചു. പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ, ചരക്കുകപ്പലുകൾ, സാധാരണ കപ്പൽ സർവീസുകൾ എന്നിവയിലൂടെ വ്യാപകമായ ഇറക്കുമതിയാണ് നടത്തുന്നത്. ഇതുവരെ 34 ചാർട്ടേഡ് വിമാനങ്ങൾ എത്തിയതായും വരാനിരിക്കുന്ന ദിവസങ്ങളിലും ഇതേ രീതിയിൽ വിതരണം തുടരുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഗ്രൂപ്പിന് സ്വന്തമായ സോഴ്‌സിംഗ്, കയറ്റുമതി സംവിധാനങ്ങളാണ് ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. ഉത്പാദനവും ലോജിസ്റ്റിക് കേന്ദ്രങ്ങളും അന്താരാഷ്ട്ര ആവശ്യകത നിറവേറ്റാൻ കൂടുതൽ ശേഷിയിൽ പ്രവർത്തിക്കുന്നതായും അറിയിച്ചു. ജിസിസി രാജ്യങ്ങൾക്ക് ഇന്ത്യ പ്രധാന വ്യാപാര പങ്കാളിയായിത്തന്നെ തുടരുന്നതായി ചർച്ചയിൽ വിലയിരുത്തപ്പെട്ടു. ഇന്ത്യൻ കൃഷി-ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രവാസികളും സ്വദേശികളും വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ നിലവിലെ വിതരണ നീക്കങ്ങൾ രാജ്യത്തെ കർഷകർക്കും ഉത്പാദകർക്കും കയറ്റുമതിക്കാർക്കും പിന്തുണ നൽകുന്നുവെന്നും വ്യക്തമാക്കി.

അടുത്ത ആഴ്ചകളിലും കൂടുതൽ ചാർട്ടേഡ് വിമാനങ്ങളും ചരക്ക് കപ്പലുകളും ക്രമീകരിച്ച് വിതരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി. ഇത്തരത്തിലുള്ള ഇടപെടലുകളുടെ പ്രാധാന്യം അംഗീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജിസിസി രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുടെ സുഗമമായ കയറ്റുമതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്ന് ഉറപ്പുനൽകി.