കനത്ത മഴയിൽ മുങ്ങി ഡൽഹിയും മുംബൈയും

0
24

ന്യൂഡൽഹി:കനത്ത മഴയിൽ തലസ്ഥാനനഗരമായ ഡൽഹിയും മുംബൈയും മുങ്ങി. ഞായറാഴ്ച രാത്രി മുംബൈയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം അനുസരിച്ച്, മുംബൈ നഗരത്തിലും ചുറ്റുപ്രദേശങ്ങളിലും മഴ തുടരും. ഇക്കാരണത്താൽ ഈ പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് മുതൽ റെഡ് വരെയുള്ള അലർട്ട് പ്രഖ്യാപിച്ചു.

തലസ്ഥാനത്തെ കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ബുദ്ധിമുട്ട് അനുഭവപെട്ടു . പ്രതികൂല കാലാവസ്ഥയാൽ കഴിഞ്ഞ ദിവസം രാത്രി 11:30 മുതൽ ഇന്ന് രാവിലെ 4:00 വരെ 49 വിമാനങ്ങൾ ഡൈവേർട്ട് ചെയ്യേണ്ടി വന്നു. കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡൽഹിയിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റും ഇടിമിന്നലും സാധ്യമാണ്.

ഡൽഹി വിമാനത്താവളത്തിനടുത്തുണ്ടായ പെട്ടന്നുള്ള മഴയാണ് താൽക്കാലിക വെള്ളക്കെട്ടിന് കാരണമായതെന്ന് ഡൽഹി എയർപോർട്ട് ലിമിറ്റഡ് വ്യക്തമാക്കി. ഗ്രൗണ്ട് സ്റ്റാഫിന്റെ വേഗത്തിലുള്ള പ്രതികരണത്തിലൂടെ സേവനം വേഗം സാധാരണയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.

ഡൽഹിയിലെ മഴയ്ക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റാണ് കാരണമെന്ന് കാലാവസ്ഥാ വിഭാഗം വിശദീകരിച്ചു.