തിരുവനന്തപുരം:കേരളത്തിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രദേശങ്ങളിൽ അത്യധികം തീവ്രമായ മഴ പൊഴിയാനിരിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രാബല്യത്തിലാണ്. ഇവിടെ ശക്തമോ അതിശക്തമോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
കനത്ത മഴയെത്തുടർന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നത്തെ ദിവസം അവധി നൽകിയിരിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ എന്നിവയ്ക്ക് ഇന്ന് അവധിയാണ്. സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ എന്നിവ നടത്താൻ പാടില്ലന്ന് ജില്ലാ കളക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ തിങ്കളാഴ്ചയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നു.