കോഴിക്കോട്:ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പ ഭക്തരാകുന്നത് എങ്ങനെയാണെന്ന് ഉള്‍പ്പെടെ ഗവര്‍ണര്‍ തുറന്നടിച്ചു. ശബരിമലയിലെ നിലപാട് മാറ്റം തുറന്ന് പറയണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഗുരുപൂജ ഉള്‍ക്കൊള്ളുന്ന നമ്മുടെ സംസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ശബരിമലയിലെ ഭക്തരാണെന്ന് വരുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. ഉള്ളില്‍ ഭക്തിയുണ്ടെങ്കില്‍ അത് മനസ് തുറന്ന് പരസ്യമായി പറയണം. എല്ലാവരും ഇപ്പോള്‍ അയ്യപ്പ ഭക്തന്മാരാണ്. അത് അവരുടെ രാഷ്ട്രീയ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ മലയാളത്തില്‍ സംസാരിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. 6 മാസം കൊണ്ട് മലയാളത്തില്‍ പ്രസംഗിക്കാന്‍ കഴിയും എന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ആര്‍എസ്എസ് സംഘടിപ്പിച്ച നവരാത്രി സര്‍ഗോത്സവം പരിപാടിയിലായിരുന്നു സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ അതിരൂക്ഷ വിമര്‍ശനങ്ങള്‍. താന്‍ ആര്‍എസ്എസുകാരനാണെന്നും അത് തുറന്ന് പറയാന്‍ മടിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ആര്‍എസ്എസ് ബന്ധം ഒരിക്കലും തള്ളിക്കളയാന്‍ തയ്യാറല്ല. തനിക്ക് എല്ലാ പദവികളും തന്നത് ആര്‍എസ്എസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.