ഇന്ത്യൻ പൗരന്മാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി

0
97

കുവൈത്ത്സിറ്റി :ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈറ്റിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ എംബസി. നിലവിലെ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹം സുരക്ഷിതരാണെന്ന് സ്ഥാനപതി പരമിത ത്രിപതി അറിയിച്ചു. കുവൈറ്റിലെ മാധ്യമപ്രവർത്തകരുമായി ഇന്ന് നടത്തിയ ഓൺലൈൻ യോഗത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്ഥാനപതി. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കുവൈറ്റിലുള്ള ഒരു ഇന്ത്യക്കാരനും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരുടെ പ്രശ്‌നത്തിൽ എംബസി സജീവമായി ഇടപെട്ടു വരികയാണെന്നു വ്യക്തമാക്കി.

ഏത് സമയത്തും എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ഇന്ത്യക്കാർക്ക് അവസരമുണ്ട്.കഴിഞ്ഞ ഞായറാഴ്ച സ്ഥാനപതി ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേഴ്സു‌മായി ഓൺലൈൻ യോഗം സംഘടിപ്പിച്ചിരുന്നു.മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതിനും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കുമെന്ന് സ്ഥാനപതി ഓർമ്മിപ്പിച്ചു.

പ്രസ് ആൻഡ് ഇൻഫർമേഷൻ ഫസ്റ്റ് സെക്രട്ടറി ചന്ദ്രകാന്ത റാത്തോർ, അംബാസഡർ സെക്രട്ടറി ഷഖീൽ അഹമ്മദ് ഖാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.