തിരുവനന്തപുരം:വഞ്ചിയൂർ കോടതിയിൽ ഒരു സീനിയർ അഭിഭാഷകൻ വനിതാ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ കേരള ബാർ കൗൺസിൽ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ബാർ അസോസിയേഷന് വിഷയത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്ന് മണിക്ക് ബാർ കൗൺസിൽ അടിയന്തര യോഗം ചേരും. അഭിഭാഷകനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.
അതേസമയം, ഈ സംഭവം കേരള സമൂഹത്തിന് അപമാനകരമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ആക്ഷേപിച്ചു.ഹീനമായ കുറ്റകൃത്യമാണ് നടന്നത്. അഭിഭാഷകയുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കിൽ ഈ രീതിയിൽ മർദ്ദിക്കുമായിരുന്നോ എന്ന് സംശയമാണെന്നും പി സതീദേവി പറഞ്ഞു.
കേസിൽ കൃത്യമായ അന്വേഷണം നടത്തി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശിക്കുകയും, ഇന്ന് തന്നെ മർദ്ദനത്തിനിരയായ അഭിഭാഷകയെ സ്വന്തം സ്ഥലത്ത് വിളിച്ച് വിവരങ്ങൾ രേഖപ്പെടുത്തുമെന്നും സതീദേവി അറിയിച്ചു.