സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്ട്

0
150

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാലവർഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴയ്ക്കായി മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും വീശാനിടയുണ്ട്.

മെയ് 25, 26 തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25-ാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാലു ജില്ലകളിലും., 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലേക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് .

ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യാനാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചിരിക്കുന്നു. തുടർച്ചയായ മഴയുള്ള പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രത പാലിക്കുക. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ മുന്നറിയിപ്പ് ചെയ്യുന്നു.