കുവൈത്ത്‌സിറ്റി: പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതിയെ സ്വാഗതം ചെയ്ത് കല കുവൈറ്റ് . കേരളത്തിലെ 500-ലധികം ആശുപത്രികളിൽ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ഉറപ്പുവരുത്തുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി നാളെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ₹5 ലക്ഷം ആരോഗ്യ ഇൻഷുറൻസും ₹10 ലക്ഷം അപകട ഇൻഷുറൻസും പദ്ധതിയുടെ മുഖ്യ ആകർഷണങ്ങളാണ്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകൾ ഒന്നാകെ രജിസ്ട്രേഷൻ ക്യാമ്പയിനിന്റെ ഭാഗമാകും. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിൽ അംഗങ്ങളാകാനുള്ള അവസരം. നോർക്ക ഐഡി കാർഡ് ഉള്ള ഏതൊരു പ്രവാസിക്കും പ്രസ്തുത പദ്ധതിയിൽ അംഗമാകാം. പ്രവാസികളുടെ കുടുംബങ്ങൾക്ക് നാട്ടിൽ ആശ്വാസകരമായൊരു മെഡിക്കൽ സുരക്ഷാ ചട്ടക്കൂട് ഒരുക്കുന്നതിൽ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഇതിന്റെ പ്രയോജനം എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്നും കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി ഹിക്മത് എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.