ലോകത്തിന്റെ പണിയായുധശാല എന്ന് അപരനാമമുള്ള ഇംഗ്ലണ്ടിലെ ബെർമിങ്‌ഹാമിലെ ഒരു സാധാരണ കുടുംബത്തില്‍ 1917 മാര്‍ച്ച് 2-ൽ ഒരു കുഞ്ഞുപിറന്നു. ലിയോനാർഡ് എന്നും നോർമൻ എന്നും രണ്ട് ജ്യേഷ്ഠന്മാരും എഡ്ന എന്ന ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛൻ ഒരു അക്കൗണ്ടന്റായിരുന്നു. ആ ഉണ്ണി പിച്ചവച്ച് നടക്കാൻ തുടങ്ങിയ കാലം മുതൽ പഴഞ്ചൻ കെട്ടിടങ്ങളോട് എന്തെന്നില്ലാത്ത പ്രതിപത്തി!കുട്ടിയുടെ ഈ കമ്പം അച്ഛൻ ശ്രദ്ധിക്കാതിരുന്നില്ല.
ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ലോറൻസ് എന്ന ലാറി ബേക്കർ. ലാറിയിൽ മയങ്ങിക്കിടന്ന വാസ്തുശിൽപാ വൈദഗ്‌ധ്യം കണ്ടെത്തിയത് അദ്ദേഹം പഠിച്ച കിങ്ങ് എഡ്വേർഡ് ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനാണ്.അദ്ദേഹം ലാറിയോട് ഒരിക്കൽ എന്താണ് ഇഷ്ടമുള്ള വിഷയം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘ഊരു ചുറ്റലും ചിത്രരചനയും സൈക്കിൾ ചവിട്ടും’ എന്നായിരുന്നു. ലാറിയുടെ ചിത്രരചനാപാടവം തിരിച്ചറിഞ്ഞ് കിങ് ലാറിയുടെ പിതാവിനോട് അവനെ വാസ്തുശില്പകല പഠിപ്പിക്കാൻ ഉപദേശിക്കുകയായിരുന്നു.
ചരിത്രത്തിൽ തല്‌പരനായ ആ പിതാവ് മകനെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ ചേർത്തു. 1937-ൽ ബിരുദമെടുത്ത് സമർത്ഥനായ ആ വിദ്യാർത്ഥി പത്രാസോടെ പുറത്തുവരികയും ചെയ്തു. ഇന്ന് വാസ്തുശില്‌പകലാ മേഖലയിലെ പെരുന്തച്ചനായി വാഴ്ത്തപ്പെടുന്ന ലാറിബേക്കർ എന്ന ലോറൻസ് വിൽഫ്രഡ് ബേക്കറുടെ പൂർവ്വകഥ ഇതാണ്. ചെറുപ്പം മുതൽ ബേക്കർ സാമൂഹിക പ്രവർത്തനങ്ങളിൽ താല്‌പര്യം കാട്ടി. ചൈനയിലേയ്ക്കാണ് ആദ്യം പോയത്.മലമ്പനി പിടിപെട്ടു വശം കെട്ടപ്പോൾ നാട്ടിലേയ്ക്കു കെട്ടുകെട്ടി യാത്രയ്ക്കിടയിൽ ഗാന്ധിജിയെ കണ്ടുമുട്ടി. ആ കൂടിക്കാഴ്‌ചയുടെ ഫലമായിട്ടാണോ എന്തോ അസുഖം മാറിയതോടെ ഭാരതത്തിൻെ മണ്ണിലേയ്ക്കാണ് ബേക്കർ പോന്നത്.
ഉത്തർപ്രദേശിൽ ഒരു കുഷ്‌ഠ രോഗാശുപത്രി പുതുക്കിപ്പണിയുന്നതിന്റെ തിരക്കുകൾക്കിടയിലാണ് അദ്ദേഹം പീരുമേട്ടുകാരി എലിസബത്ത് എന്ന ഡോക്‌ടറെ കണ്ടുമുട്ടിയത്. അതൊരു ആയുഷ്കാല സൗഹൃദമായിത്തീരാൻ അധികകാലം വേണ്ടിവന്നില്ല. ഡോ: എലിസബത്തിനെ കല്യാണം കഴിച്ച ബേക്കർ മധുവിധുവിനായി ഹിമാലയസാനുക്കളിലേയ്ക്കാണു പോയത്. വളരെ ഹൃസ്വമായ ഒരു സന്ദർശനത്തിനാണു പോയതെങ്കിലും രോഗികൾ ഏറെയുള്ള സ്ഥലത്തുനിന്നും പതിനെട്ടു വർഷം കഴിഞ്ഞേ അവർക്കു മടങ്ങാനായുള്ളു. പിന്നീട് ബേക്കർ ഭാര്യയുടെ നാടായ പീരുമേട്ടിൽ തങ്ങി. ദമ്പതികൾ അവിടത്തെ ജനങ്ങൾക്കു താങ്ങും തണലുമായി മാറി. 70-ല്‍ അവർ അനന്തപുരത്തിലേയ്ക്ക് ചേക്കേറി. തികച്ചും യാദൃച്ഛികമായിരുന്ന അതും.
കെട്ടിടനിർമ്മാണവിദഗ്ദ്‌ധനെന്ന് ലോകപ്രശസ്‌തി നേടിയ ലാറിബേക്കർ ഇന്ത്യയിലങ്ങോളമിങ്ങോളം ആയിരത്തിലേറെ കെട്ടിടങ്ങൾ രൂപകല്‌പന ചെയ്‌തു നിർമ്മിച്ചിട്ടുണ്ട്. “ഇന്ത്യയിലെ ഏറ്റവും ഇന്ത്യനായ ആർക്കിടെക്റ്റ്” എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. “ചെലവു കുറഞ്ഞ വീട്” എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി കൂടിയാണ് അദ്ദേഹം.നിരവധി ബഹുമതികൾ ബേക്കർക്ക് ലഭിച്ചു കഴിഞ്ഞു. മൂന്നാം ലോക രാജ്യങ്ങൾക്ക് അനുയോജ്യമായ കെട്ടിടനിർമ്മാണവിദ്യ പ്രാവർത്തികമാക്കിയതിന് 81-ൽ നെതർലാൻഡിലെ റോയൽ യൂണിവേഴ്‌സിറ്റി ബഹുമതി മുദ്ര സമ്മാനിച്ചു. 87-ൽ ‘മെമ്പർ ഓഫ് ബ്രിട്ടീഷ് എമ്പയർ ബഹുമതി കിട്ടി. 88-ൽ ഹഡ്‌കോയുടെ നാഷണൽ ഹാബിറ്റാറ്റ് അവാർഡും.ജന്മദേശം വിട്ട് ഇന്ത്യയിലെത്തി വർഷം ഏറേ കഴിഞ്ഞിട്ടാണെങ്കിലും ലാറി ബേക്കർക്ക് ഇന്ത്യൻ പൗരത്വം കിട്ടി. ഇനിയും ഏറെ സവിശേഷതകൾ നിറഞ്ഞ വ്യക്തിത്വത്തിൻറെ ഉടമയാണ് അദ്ദേഹം. തൻ ശൈലിയെ ‘ബേക്കർ സ്‌റ്റൈൽ’ എന്നു വിശേഷിപ്പിക്കുന്നതും തൻറെ പ്രവർത്തനങ്ങളെ മഹത്തായ സേവനമെന്നു വാഴ്ത്തുന്നതുമൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ല. ഇതൊക്കെ ആഹ്ലാദ ത്തിനുവേണ്ടിയുള്ള കൊച്ചുകൊച്ചു കാര്യങ്ങൾ മാത്രമല്ലേ എന്ന വിനയപൂർണ്ണമായ മനോഭാവമാണ് അദ്ദേഹത്തിന്!
1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. മക്കൾ വിദ്യ, തിലക്, ഹൈഡി എന്നിങ്ങനെ മൂന്നുപേർ. അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്.
എലിസബത്തിനോടൊപ്പം 1970 മുതൽ കേരളത്തിൽ തിരുവനന്തപുരത്തിനടുത്ത് നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. സ്വന്തം വീടായ ഹാംലെറ്റിലായിരുന്നു മരണം വരെ താമസം. 2007 ഏപ്രില്‍ ഒന്നാം തീയതി രാവിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഭാര്യ ഡോ.എലിസബത്തും മക്കളും അവസാന സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
































