മലപ്പുറം അരിക്കോട് മാലിന്യ സംസ്‌കരണക്കുഴിയില്‍ വീണസംഭവം;അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

0
140

മലപ്പുറം: അരീക്കോട് മാലിന്യക്കുഴിയിൽ വീണ് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികളാണ് മരിച്ചത്. വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മരിച്ചവരിൽ രണ്ടുപേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. മാലിന്യ പ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളിൽ ബോധരഹിതനായി വീണു. ഇതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.