പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നാല് മലയാളികൾ ഉൾപ്പടെ 91 പേർക്ക് പദ്മശ്രീ, ഒമ്പത് പേർക്ക് പദ്മഭൂഷണും ആറ് പേർക്ക് പദ്മവിഭൂഷണും ലഭിച്ചു. പയ്യന്നൂർ സ്വദേശിയും ക്വിറ്റ് ഇന്ത്യാ സമരത്തിലുൾപ്പെടെ പങ്കെടുത്തിട്ടുള്ള ഗാന്ധിയൻ വി.പി അപ്പുക്കുട്ടൻ പൊതുവാൾ പദ്മ പുരസ്‌കാരത്തിന് അർഹനായി. ഈ 99-കാരൻ കഴിഞ്ഞ എട്ട് പതിറ്റാണ്ടായി സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. സിഐ ഐസക്കിനും അപൂർവയിനം നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ, കളരിയാശാൻ എസ്ആർഡി പ്രസാദ് എന്നീ മലയാളികൾക്കും പദ്മശ്രീ ലഭിച്ചു. കൂടാതെ സംഗീത സംവിധായകൻ എംഎം കീരവാണിക്കും നടി രവീണ ടണ്ഠൻ എന്നിവർക്കും പദ്മശ്രീ ലഭിച്ചു
ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിന് പദ്മവിഭൂഷൺ ലഭിച്ചു. അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ച ലായനിയുടെ കണ്ടുപിടുത്തമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. എസ്എം കൃഷ്ണ, മുലായം സിംഗ്, തബല ഇതിഹാസം സാക്കിർ ഹുസൈൻ, ശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ, ബാൽകൃഷ്ണൻ ദോഷി എന്നിവർക്കും പദ്മവിഭൂഷൺ ലഭിച്ചു.
ഗായിക വാണി ജയറാം, വ്യവസായി കെഎം ബിർള, സാമൂഹിക പ്രവർത്തക സുധ മൂർത്തി, എന്നിവർ പദ്മഭൂഷൺ പുരസ്കാരത്തിനാണ് അർഹരായത്.





























