കൂടത്തായി കൂട്ടമരണം: ജോളി ഉൾപ്പെടെ നാല് പേരെ പ്രതികളാക്കി കുറ്റപത്രം

കോഴിക്കോട്: നാടിനെ ഞെട്ടിച്ച കൂടത്തായി മരണ പരമ്പരയിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ജോളി മുഖ്യപ്രതിയായ കേസിൽ നാല് പേരാണ് പ്രതിപട്ടികയില്‍. കൊലപാതകം, ഗൂഢാലോചന, ഗവണ്‍മെന്റിനെ വഞ്ചിക്കല്‍, അനധികൃതമായി വിഷം കൈവശം വെക്കല്‍ എന്നിവയടക്കം ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. താമരശ്ശേരി മുന്‍സിഫ് കോടതിയിലാണ് 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഇതിനൊപ്പം രാസപരിശോധനാ റിപ്പോര്‍ട്ട് അടക്കം 322 രേഖകളും സമർപ്പിച്ചിട്ടുണ്ട്.

റോയ് തോമസിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ജോളിയമ്മ എന്ന ജോളിയാണ് മുഖ്യപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ ജൂവലറി ജീവനക്കാരൻ എം.എസ്.മാത്യു, മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച സി.പി.എം. മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജ് എന്നിവരാണ് യഥാക്രമം രണ്ടുമുതല്‍ നാലുവരെ പ്രതികള്‍.

കേസിൽ വ്യാജ ഒസ്യത്ത് നിർണ്ണായക തെളിവാണെന്നാണ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അന്വേഷണ സംഘത്തലവൻ എസ് പി ജി സൈമൺ അറിയിച്ചത്. ജോളി സയനൈഡ് കൈവശം വച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമായി സയനൈഡ് കലർത്തി നൽകിയാണ് റോയിയെ കൊലപ്പെടുത്തിയത്. മറ്റ് മൂന്ന് പേരെ കൂടി കൊലപ്പെടുത്താൻ ജോളിക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും എന്നാൽ അതാരൊക്കെയാണെന്ന് വെളിപ്പെടുത്താനാകില്ലെന്നും ഐജി വ്യക്തമാക്കി.

വടകര കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ വർഷങ്ങളുടെ വ്യത്യാസത്തിൽ ആറ് മരണങ്ങളാണ് നടന്നത്. ഇതിൽ സംശയം തോന്നി പൊന്നമറ്റം റോജിയും സഹോദരിയും ചേര്‍ന്ന് നല്‍കിയ പരാതിയാണ് നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മരിച്ച ആറു പേരിൽ റോയ് തോമസിന്റെ മരണത്തിൽ മാത്രമാണ് ഇപ്പോൾ ജോളി അറസ്റ്റിലായിരിക്കുന്നത്.