അജ്മമനിൽ യുവതിയും 2 മക്കളും കൊല്ലപ്പെട്ട നിലയിൽ: ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്

0
4

അജ്മൻ: യുഎഇയിലെ അജ്മനിൽ യുവതിയെയും രണ്ട് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റാഷിദിയ മേഖലയിലെ അപ്പാർട്മെന്‍റിലാണ് 32കാരിയായ യുവതിയെയും 16 ഉം 13ഉം വയസുള്ള രണ്ട് പെണ്‍മക്കളും കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മൂന്ന് വയസുകാരിയായ മകളും സമീപത്തുണ്ടായിരുന്നു. ഈ കുട്ടിക്ക് കുഴപ്പമൊന്നുമില്ല. കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും ഇവർ ഏഷ്യൻ വംശജരാണെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനായി അന്വേഷണം ആരംഭിക്കുന്നുണ്ട്. കൃത്യം നടത്തിയ ശേഷം നാടുവിട്ട ഇയാള്‍ക്കായി ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ അബുദാബിയിലുണ്ട്. മകളെ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് ഇവിടെയുള്ള മാതാവാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്നുണ്ടായ അന്വേഷണത്തിലാണ് പൂട്ടിയിട്ട അപ്പാർട്മെന്‍റിനുള്ളിൽ അമ്മയെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുമായിരുന്നുവെന്ന് മാതാവ് മൊഴി നൽകിയിട്ടുണ്ട്.

കഴുത്തിൽ തുണികൊണ്ട് വരിഞ്ഞു മുറുക്കിയാണ് കൊലപാതകമെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഇവരുടെ ഏഴു വയസുള്ള മകനെ ഭർത്താവ് നേരത്തെ തന്നെ ഭാര്യയുടെ അമ്മയുടെ അടുത്ത് കൊണ്ട് നിർത്തിയിരുന്നു. മകനും പിതാവും തമ്മിൽ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നാണ് ഭാര്യ വീട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ മകനെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തെത്തിച്ച് ഭാര്യയെയും പെൺമക്കളെയും ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഇയാൾ നേരത്തെ തന്നെ വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നതും കൊലപാതകം ആസൂത്രിതമാണെന്ന സംശയത്തിന് ബലം പകരുന്നു.