കുവൈറ്റ് സിറ്റി: കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 15-ാമത് എഡിഷൻ കുവൈറ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. അബ്ബാസിയ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ നടന്ന സാഹിത്യോത്സവിൽ കുവൈറ്റ് സിറ്റി സോൺ ജേതാക്കളായി.
പ്രശസ്ത യാത്രാ വ്‌ളോഗറും സുകൂൺ എഡു ഫൗണ്ടേഷൻ സ്ഥാപകനുമായ
പി. ടി. മുഹമ്മദ് സഖാഫി മുഖ്യാതിഥിയായ പരിപാടിയിൽ കുവൈറ്റിലെ കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. “പ്രതീക്ഷയുടെ പ്രയാണങ്ങൾ” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഫർവാനിയ, ഫഹാഹീൽ സോണുകൾ യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫർവാനിയ സോണിൽ നിന്നുള്ള മുഹമ്മദ് ഷമ്മാസ് കലാപ്രതിഭയായും, ഇർഫാന ഹാരിസ് സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ 9.30ന് ആരംഭിച്ച മത്സരങ്ങളിൽ 200-ലധികം മത്സരാർത്ഥികൾ 6 വേദികളിലായി നടന്ന 61 മത്സരങ്ങളിലാണ് മാറ്റുരച്ചത്.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ആർ.എസ്.സി നാഷനൽ ചെയർമാൻ സഹദ് മൂസയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് കുവൈറ്റ് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. പി. ടി. മുഹമ്മദ് സഖാഫി സാംസ്കാരിക പ്രഭാഷണം നടത്തി. അഹമ്മദ് സഖാഫി കാവനൂർ, അബ്ദുള്ള വടകര, ഹാരിസ് പുറത്തീൽ, സിദ്ധീഖ് പനങ്ങാട്ടൂർ, ജസ്സാം കുണ്ടുങ്ങൽ എന്നിവർ സംസാരിച്ചു.
































