മലപ്പുറത്തെ നിപാ വൈറസ് ബാധിതയുടെ സമ്പർക്ക പട്ടികയിലെ 11 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്

0
165

മലപ്പുറം: നിപാ വൈറസ് ബാധിതയുടെ സമ്പർക്കത്തിൽ പെട്ട 11 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയി വന്നിട്ടുണ്ട്. ഇതുവരെ മൊത്തം 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ചികിത്സയിലുള്ള രോഗി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം, നിപ വൈറസ് പ്രചാരണത്തിൽ ആശങ്കാജനകമായ സാഹചര്യം ഇല്ല എന്നാണ് തെളിയുന്നത്. ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ട 8 പേരുടെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ആകെ 94 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

രോഗികൾ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ആണ് ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്. പനി സർവേയുടെ ഭാഗമായി 1,781 വീടുകളിൽ ആരോഗ്യ പ്രവർത്തകർ എത്തിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.

വളാഞ്ചേരി സ്വദേശിനിയായ 42 വയസ്സുകാരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമ, പനി എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയ രോഗിയുടെ പരിശോധനയിലാണ് നിപ വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.കഴിഞ്ഞ മാസം 25-നാണ് ഇവർക്ക് പനി തുടങ്ങിയത്.ആരോഗ്യ വകുപ്പ് ഇവരുടെ റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്.നിപ വൈറസിനെതിരെ ജില്ലയിൽ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗികർ പറഞ്ഞു.