ഇംഗ്ലീഷ് മീഡിയം നിർത്തലാക്കിയതിനെതിരെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

0
15

ഇടുക്കി:ഇടുക്കിയിലെ അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിന്റെ പ്രവേശനോത്സവ ദിനത്തിൽ രക്ഷിതാക്കൾ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ അപ്രതീക്ഷിതമായി നിർത്തലാക്കിയതാണ് പ്രതിഷേധത്തിന് കാരണം. മുൻകൂട്ടി അറിയിക്കാതെയാണ് ഈ നടപടി എടുത്തതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാൻ സാധ്യമല്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.ആറ് കുട്ടികൾക്ക് മാത്രമുള്ള ഡിവിഷൻ തുടരാൻ അധ്യാപകരുമില്ല എന്നായിരുന്നു സ്കൂൾ വിശദീകരണം. എന്നാൽ രക്ഷിതാക്കൾ ഇതിനെതിരെ ശക്തമായി എതിർത്തു. മെയ് 30-ന് മാത്രമാണ് ഈ തീരുമാനം അറിയിച്ചതെന്നും മറ്റൊരു സ്കൂളിൽ ഇപ്പോൾ ചേരാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു.

8 വർഷം ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കുട്ടികളെ ഇപ്പോൾ മലയാളം മീഡിയത്തിലേക്ക് മാറ്റുന്നത് അസാധ്യമാണ് എന്നായിരുന്നു രക്ഷിതാക്കളുടെ വാദം. പ്രതിഷേധക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തിട്ടുണ്ട്. സ്ഥലത്തെ സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടിട്ടുണ്ട്.