ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഇടപെടുമെന്ന് അംബാസഡർ

കുവൈത്ത്​ സിറ്റി: പുതിയ ഇനം കോവിഡ് വൈറസുകളുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും ആശങ്ക ജനിപ്പിക്കുന്നതാണ്. ഇതിനെതിരായ മുൻകരുതലെന്നോണം വിമാന സർവീസുകൾ റദ്ദാക്കിയത്​ മൂലം നിരവധി ഇന്ത്യക്കാരാണ് ട്രാൻസിറ്റ്​ രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്. ഇവർക്കു വേണ്ടി കുവൈത്ത്​ അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടുമെന്ന്​ അംബാസഡർ സിബി ജോർജ്​ പറഞ്ഞു. ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ കുവൈത്ത് അധികൃതർ സ്വീകരിച്ച മുൻകരുതൽ നടപടികളെ ഉൾ​ക്കൊള്ളുന്നു. ഇതിനി​ടയിൽ പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഓൺലൈനായി നടത്തിയ പരിപാടിയിൽ അംബാസഡർ പറഞ്ഞു. വൈകാതെ തന്നെ എംബസി ഓഡിറ്റോറിയത്തിൽ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചും​ ബാക്കി ഒാൺലൈനായും ഒാപൺ ഹൗസ്​ നടത്താനാവുമെന്ന്​ അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്ത്​ മുൻ ഉപപ്രധാനമന്ത്രി ശൈഖ്​ നാസർ സബാഹി​െൻറ നിര്യാണത്തിൽ അദ്ദേഹം അനുശോചിച്ചു. എംബസിയിലും പാസ്​പോർട്ട്​ ഒാഫിസിലും വരു​േമ്പാൾ കോവിഡ്​ മാർഗനിർദേശം പാലിക്കണ​മെന്ന്​ അദ്ദേഹം നിർദേശിച്ചു. എംബസിയിലും പാസ്​പോർട്ട്​ ഓഫിസുകളിലും സാമൂഹിക അകലം പാലിക്കുകയും മാസ്​ക്​ ധരിക്കുന്നത്​ അടക്കം മാർഗ നിർദേശങ്ങൾ പാലിക്കുകയും വേണം. എംബസി നടത്താൻ നിശ്ചയിച്ച പ്രധാന ചില പരിപാടികൾ കോവിഡ്​ പശ്ചാത്തലത്തിൽ റദ്ദാക്കി. സാഹചര്യത്തി​െൻറ ഗൗരവം ഉൾക്കൊണ്ട്​ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന്​ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട്​ ആവശ്യപ്പെട്ടു.