നിർഭയ കേസ്: മരണ വാറണ്ടെത്തി; പ്രതികളുടെ വധശിക്ഷ ജനുവരി 22ന്

ഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യത്തിലെ പ്രതികളുടെ മരണ്ടവാറണ്ട് കോടതി പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ തന്നെ പ്രതികൾ കഴിയുന്ന തിഹാർ ജയിലിൽ തൂക്കിലേറ്റാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജയിലിലെ മൂന്നാം നമ്പർ മുറിയിലാകും പ്രതികളെ തൂക്കിലേറ്റുക. ഇതിനായുള്ള കയർ നേരത്തെ തന്നെ ബുക്സര്‍ ജയിലിൽ തയ്യാറായിക്കഴിഞ്ഞിരുന്നു. രണ്ട് ആരാച്ചർമാരെ തിഹാർ ജയിലിലേക്കയക്കുമെന്ന് ഉത്തർപ്രദേശ് ജയിൽ എഡിജി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയെ മാത്രമല്ല ലോകത്തെ മൊത്തം ഞെട്ടിച്ച നിർഭയ കേസിൽ സംഭവം നടന്ന് ഏഴ് വർഷം പൂർത്തിയായിക്കഴിയുമ്പോഴാണ് വിധിയെത്തുന്നത്. 2012 ഡിസംബർ 16 നാണ് ഓടുന്ന ബസിൽ വച്ച് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. അതിക്രൂരമായി പീഡിപ്പിച്ച് ആന്തരികാവയവങ്ങൾ അടക്കം പുറത്ത് വന്ന നിലയിൽ പെൺകുട്ടിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പതിമൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ പെൺകുട്ടി ജീവൻ വെടിഞ്ഞു.

ബസ് ഡ്രൈവർ രാം സിംഗ്, രാംസിങ്ങിന്റെ സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ എന്നിവരുൾപ്പെടെ ആറ് പ്രതികളാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ മുഖ്യപ്രതിയായ രാംസിംഗ് ജയിലിൽ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിക്ക് വയസിന്റെ ആനുകൂല്യവും ലഭിച്ചു. ബാക്കി നാലുപേരുടെ വധശിക്ഷയാണ് ജനുവരി 22ന് നടപ്പിലാകുന്നത്.