JNU സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെ 19 പേർക്കെതിരെ കേസ്

aishe

ന്യൂഡൽഹി: യൂണിവേഴ്സിറ്റി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ JNU സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് ഐഷെ ഘോഷ് ഉള്‍പ്പെടെ 19 പേർക്കെതിരെ കേസെടുത്ത് പൊലീസ്. യൂണിവേഴ്സിറ്റി സർവര്‍ റൂം തല്ലി തകർത്തു, സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ കേസുകളിലാണ് എഫ്ഐആർ. ജെഎൻയുവിൽ ആക്രമണം ഉണ്ടാകുന്നതിന് മുമ്പത്തെ ദിവസത്തെ സംഭവത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആക്രമണം ഉണ്ടായ ദിവസമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഐഷെക്കെതിരെ കേസെടുത്ത് പൊലീസ് നടപടി വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ അതിക്രമിച്ചു കയറി അധ്യാപകരെയും വിദ്യാർഥികളെയും ക്രൂരമായി ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മറിച്ച് ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐഷെക്കെതിരെ കേസെടുത്ത നടപടിയാണ് വിവാദം ഉയർത്തിയിരിക്കുന്നത്.

ഇതിനിടെ ജെഎൻയുവിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വലതുപക്ഷ ആഭിമുഖ്യ സംഘടനയായ ഹിന്ദുരക്ഷാദൾ രംഗത്തെത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കേന്ദ്രമായ ജെഎൻയു ദേശദ്രോഹികളുടെ താവളമാണെന്നും ഇത് വച്ചു പൊറുപ്പിക്കാനാകില്ലെന്നുമാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാവ് പിങ്കി തോമർ പറഞ്ഞത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഏത് യൂണിവേഴ്സിറ്റിയിലുണ്ടായാലും ഇതേ നടപടിയുണ്ടാകുമെന്ന തുറന്ന ഭീഷണിയും അയാൾ മുഴക്കിയിട്ടുണ്ട്.