തഗ് ലൈഫ് റിലീസ് തടയുമെന്ന് ഭീഷണി; കന്നഡ വിരുദ്ധ പരാമർശത്തിൽ കമൽ ഹാസനെതിരെ പ്രതിഷേധം

0
122

ബെംഗളൂരു:കമൽ ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫിന്റെ കർണാടക റിലീസ് തടയാൻ കന്നഡ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നു. കന്നഡ ഭാഷയെതിരെയുള്ള പരാമർശത്തിനെതിരെ നടൻ കമൽ ഹാസനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ പ്രഖ്യാപനം.

കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് മുന്നിൽ കന്നഡ രക്ഷണ വേദിയുടെ പ്രവർത്തകർ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. ഇതിനെ തുടർന്ന് ഫിലിം ചേംബർ ബെംഗളൂരുവിൽ അടിയന്തര യോഗം ചേർന്ന് സിനിമയുടെ വിതരണക്കാരുമായി സംവാദം നടത്തി. കന്നഡ ചലച്ചിത്ര പ്രവർത്തകർ കമൽ ഹാസനെ ബഹിഷ്കരിക്കണമെന്നും കന്നഡ രക്ഷണ വേദി ആവശ്യപ്പെട്ടു. കമലിനെ അനുകൂലിച്ച നടൻ ശിവരാജ്കുമാറിനെതിരെയും സംഘടന കടുത്ത വിമർശനം ഉന്നയിച്ചു.

കന്നഡ മണ്ണിന്റെ ഉപ്പും ചോറും കഴിച്ച താരങ്ങൾ തമിഴ്‌നാടിനെ അനുകൂലിക്കുന്നത് നിർത്തണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററിൽ എത്തേണ്ടത്.

തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിന് ശേഷം കമൽ ഹാസൻ പറഞ്ഞ ഒരു പ്രസ്താവനയാണ് വിവാദത്തിന് കാരണം. കന്നഡ ഭാഷയുടെ ഉത്ഭവം തമിഴിൽ നിന്നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കമൽ ഹാസന്റെ പോസ്റ്ററുകൾ കത്തിച്ചും പ്രതിഷേധം രൂക്ഷമാക്കി. നടന്‍ മാപ്പുപറയണമെന്നാണ് സംഘടനയുടെ ആവശ്യം

കന്നഡ ഭാഷയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഇതിനെക്കുറിച്ച് പാവം കമൽ ഹാസന് അറിയില്ല എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും ഈ പരാമർശത്തെ എതിർത്തു.

എന്നാൽ, കമൽ ഹാസൻ തന്റെ വാക്കുകൾ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നുവെന്നും മാപ്പ് പറയാൻ പോകുന്നില്ലെന്നും പ്രതികരിച്ചു. എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ചരിത്രകാരന്മാർ പഠിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും സ്നേഹത്തോടെയുമാണ് ഞാൻ പറഞ്ഞത്. സ്നേഹത്തിന്റെ പേരിൽ പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കില്ല എന്ന് നടൻ പ്രതികരിച്ചു. താന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ യോഗ്യരല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.
ഇപ്പോഴും സിനിമയുടെ റിലീസ് തടയാൻ കന്നഡ സംഘടനകൾ ശക്തമായ പ്രചാരണം നടത്തുന്നു.