ജീവിതവിശുദ്ധി കൈവരിക്കുവാൻ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാൻ വിശ്വാസികൾക്ക് സമ്മാനിക്കുന്നത് -മുനീർ ഹാദി

0
16

കുവൈത്ത് സിറ്റി : സഹനത്തിലൂടെയും അല്ലാഹുവിനുള്ള സ്തുതികീർത്തനങ്ങളിലൂടെയും ജീവിതവിശുദ്ധി കൈവരിക്കുവാൻ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാൻ വിശ്വാസികൾക്ക് സമ്മാനിക്കുന്നതെന്ന് യുവപണ്ധിതനും സൌദ്യ അറേബ്യയിലെ ദാഇയുമായ മുനീർ ഹാദി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര സമിതി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.

അയൽവാസിയുടെ മതം നോക്കി അവനെ സഹായിക്കാനല്ല പ്രവാചകൻ (സ) പഠിപ്പിച്ചത്. മനുഷ്യർ ഒരു സമൂഹമാണെന്നും അല്ലാഹുവാണ് അവരുടെ രക്ഷിതാവെന്നും പഠിപ്പിക്കുന്ന ഖുർആൻ ജാതീയതയുടെയും വംശീയതയുടേയുമെല്ലാം ചങ്ങലക്കെട്ടുകളെ തകർക്കുന്നു. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനുമെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നും ഒരേ ആദിമാതാപിതാക്കളിൽ നിന്നുള്ളവരാണെന്നും മനസിലാക്കുന്ന ഒരു മുസ്‌ലിമിൽ വിഭാഗീയതകളുടെ ചങ്ങലക്കെട്ടുകൾക്ക് യാതൊരു സ്ഥാനവുമുണ്ടാവില്ല. മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ അഥവാ ആദമിന്റെയും ഹവ്വയുടെയും സന്തതികളാണെന്നും അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും പഠിപ്പിക്കുന്ന ദർശനമാണ് ഇസ്‌ലാമെന്ന് മുനീർ ഹാദി വിശദീകരിച്ചു.

ഐ.ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുല്ലത്തീഫ് പേക്കാടൻ, വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, അയ്യൂബ് ഖാൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സലീം സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. ഐമൻ ഫൗസാൻ ഖിറാഅത്ത് നടത്തി.