കോവിഡ് 19: നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇന്ത്യ; യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കും

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ. വിമാനത്താവളങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കൊപ്പം വിവരങ്ങൾ ശേഖരിക്കാനുള്ള ഫോമും നൽകുന്നുണ്ട്. ഇത് കൃത്യമായി പൂരിപ്പിച്ച് നൽകുമെന്ന് ഉറപ്പാക്കുകയും ചെയ്യും.

യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ഫോമുകള്‍ ആവശ്യത്തിനുണ്ടെന്നും അവ കൃത്യമായി പൂരിപ്പിച്ച് വാങ്ങുന്നുണ്ടെന്നും വ്യോമയാന കമ്പനികൾ ഉറപ്പു വരുത്തണമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരിക്കുന്നത്. അന്താരാഷ്​ട്ര സർവീസുകൾ നടത്തുന്ന കമ്പനികൾ ഫോം പൂരിപ്പിച്ച്​ വാങ്ങാതെ യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറക്കരുതെന്നാണ്​ നിർദേശം.

എന്നാൽ തിരക്കൊഴിവാക്കാനായി ചില കമ്പനികൾ ഈ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് DGCA അടിയന്തിര സർക്കുലർ ഇറക്കിയത്.