ഡൽഹി :പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച മൂന്ന് സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ ക്ഷമാപണ അപേക്ഷ സുപ്രീം കോടതി തള്ളി.
ക്ഷമാപണം “മുതലക്കണ്ണീർ”ആണെന്നും മന്ത്രിയുടെ പ്രസ്താവനകൾ “തികച്ചും ചിന്താശൂന്യം”ആണെന്നും കോടതി വിമർശിച്ചു. “നിങ്ങൾ നടത്തിയ മോശം പരാമർശങ്ങൾ, തികച്ചും ചിന്താശൂന്യമായിരുന്നു. ആത്മാർത്ഥമായ ഒരു ശ്രമം നടത്തുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞത് എന്താണ്? ഞങ്ങൾക്ക് നിങ്ങളുടെ ക്ഷമാപണം ആവശ്യമില്ല. നിയമപ്രകാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം,”ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.”ഞങ്ങൾക്ക് നിങ്ങളുടെ ക്ഷമാപണം ആവശ്യമില്ല. നിങ്ങൾ ഒരു പൊതുപ്രവർത്തകനാണ്, പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ്. നിങ്ങളുടെ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. നിങ്ങൾ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിന്റെ വക്കിലായിരുന്നു. നിങ്ങൾ വൃത്തികെട്ട ഭാഷ ഉപയോഗിക്കാൻ പോകുകയായിരുന്നു, നിങ്ങൾക്ക് ഒരു വാക്ക് പോലും കണ്ടെത്താൻ കഴിഞ്ഞില്ല, അതിനാൽ നിങ്ങൾ നിർത്തി”. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് മന്ത്രി ഷായെ രൂക്ഷമായി വിമർശിച്ചു.





























