ശശി തരൂരിന്‍റെ പരാമര്‍ശത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല

0
190

ന്യൂഡൽഹി:സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല അതൃപ്തി പ്രകടിപ്പിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് പാകിസ്ഥാനിലും മറ്റ് തീവ്രവാദ കേന്ദ്രങ്ങളിലേക്ക് സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിരുന്നുവെന്നും തരൂരിന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരണം:
“എഐസിസിയുടെ കമ്മ്യൂണിക്കേഷൻ വകുപ്പ് മുമ്പ് ഇത്തരം സംഭവങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് നടന്ന ഈ സർജിക്കൽ സ്ട്രൈക്കുകളെക്കുറിച്ച് ശശി തരൂരും തന്‍റെ പുസ്‌തകത്തിൽ പരാമർശിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങുപോലും മുമ്പ് ഈ സർജിക്കൽ സ്‌ട്രൈക്കുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജയറാം രമേശും പവൻ ഖേരയും ഈ സംഭവങ്ങൾ ശരിവച്ചിട്ടുണ്ട്. ഇതു സംശയാതീതമായതാണ്”,എന്ന് സുര്ജേവാല പറഞ്ഞു. ശശി തരൂർ ഒരു മുതിർന്ന കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് കുടുംബത്തിലെ അംഗവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍വ കക്ഷി സംഘത്തെ നയിക്കുന്ന തരൂര്‍ പനാമയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വലിയ വില നല്‍കേണ്ടി വരുമെന്ന് തീവ്രവാദികളും തിരിച്ചറിഞ്ഞുവെന്നതാണ് സമീപകാലത്ത് വന്ന മാറ്റം. അക്കാര്യത്തില്‍ സംശയമില്ല. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ മിന്നലാക്രമണത്തിനായി നിയന്ത്രണരേഖ കടന്നു. അന്നുവരെ ചെയ്‌തിട്ടില്ലാത്ത കാര്യമായിരുന്നുവത്.

കാർഗിൽ യുദ്ധസമയത്ത് പോലും നമ്മങ്ങൾ നിയന്ത്രണ രേഖ കടന്നിരുന്നില്ല. 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി സായുധസേന നിയന്ത്രണരേഖ കടക്കുക മാത്രമല്ല, അതിര്‍ത്തി ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ താവളങ്ങളില്‍ ആക്രമണം നടത്തുകയും ചെയ്‌തു. ഈ പ്രസ്താവനയ്ക്ക് ശേഷം നിരവധി കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ ശബ്ദമുയർത്തിയിരുന്നു.