‘നോർക്ക കെയർ’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ

0
17

കുവൈത്ത്‌സിറ്റി: പ്രവാസികൾക്കു മാത്രമായി നടപ്പിലാക്കുന്ന രാജ്യത്തിലെ ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു. പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന ഈ പദ്ധതി ലോകമാകെയുള്ള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സംസ്ഥാന സർക്കാർ പുലർത്തുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുകയാണ്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ ‘നോർക്ക കെയർ’ എന്ന പേരിൽ ആരംഭിക്കുന്ന ഈ പദ്ധതിയുടെ സേവനം ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ലഭ്യമാകും. നോർക്കയുടെ ഐഡി കാർഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഇതിന്റെ പരിധിയിൽ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും കാത്തിരിപ്പ് കാലം ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും.

ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ആവശ്യമായ ശ്രമം സർക്കാർ നടത്തും. ഈ പദ്ധതിയുടെ ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ് ഇന്നു മുതൽ ഒക്‌ടോബർ 22 വരെ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.