യാത്രാ നിരക്ക് കൂട്ടി ഇന്ത്യൻ റെയിൽവെ: പുതുവർഷം മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: യാത്രാനിരക്കുകൾ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. കിലോമീറ്ററിന് നിലവിലെ അടിസ്ഥാന നിരക്കിൽ ഒരു പൈസ മുതൽ നാല് പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതുവർഷം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. സീസൺ ടിക്കറ്റ് നിരക്കുകളിലും സബര്‍ബന്‍ നിരക്കുകളിലും മാറ്റമില്ല.

ട്രെയിൻ നിരക്കിൽ വർധനയുണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പുതുവർഷത്തിലെ ആദ്യ ദിനം മുതൽ തന്നെ പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ് റെയിൽവെ. എ.സി ടിക്കറ്റ് നിരക്കുകളിൽ കിലോമീറ്ററിന് നാലു പൈസയുടെ വർധവാണ് വന്നിരിക്കുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ നിരക്ക് ബാധകമാണ്. മെയിൽ/ എക്സ്പ്രസ് ട്രെയിനുകളിൽ രണ്ട് പൈസയുടെ വര്‍ധനവുണ്ടാകും.

സെക്കൻഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റ് നിരക്കുകളിൽ ഒരു പൈസയുടെ വർധനവാകും ഉണ്ടാവുകയെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.