കുവൈറ്റ് സിറ്റി :ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റതായും കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെയും (കെഎൻപിസി) കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെയും (കിപിഐസി) ഔദ്യോഗിക വക്താവ് ഗാനേം അൽ-ഒതൈബി അറിയിച്ചു.
അംഗീകൃത സുരക്ഷാ നടപടിക്രമങ്ങൾക്കനുസൃതമായി സംഭവം ഉടനടി കൈകാര്യം ചെയ്തതായി അൽ-ഒതൈബി അറിയിച്ചു. പരിക്കേറ്റ തൊഴിലാളികളെ വൈദ്യചികിത്സയ്ക്കായി അൽ-അദാൻ ആശുപത്രിയിലേക്ക് മാറ്റി, നിലവിൽ നിരീക്ഷണത്തിലുള്ള അവരുടെ അവസ്ഥ സ്ഥിരമാണ്. റിഫൈനറി പ്രവർത്തനങ്ങളെയും ഉൽപാദനത്തെയും ബാധിച്ചിട്ടില്ലെന്നും തടസ്സമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.






























