ആള്‍ക്കൂട്ടം പറഞ്ഞാല്‍ മാറുന്നതല്ല പാര്‍ട്ടി തീരുമാനം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

0
76

കോച്ചി: രാഹുല്‍ മാങ്കൂത്തില്‍ വിഷയത്തിൽ ഹോര്‍ത്തൂസ് വേദിയില്‍ പ്രതികരിച്ച് വി ഡി സതീശന്‍. പാര്‍ട്ടിയുടെ നടപടികള്‍ ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമാണ് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയില്ലെന്നും അത് നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘ആള്‍ക്കൂട്ടം പറഞ്ഞാല്‍ മാറുന്നതല്ല പാര്‍ട്ടി തീരുമാനം. കേരളം മുഴുവന്‍ അറബിക്കടല്‍ പോലെ ഇളകി വന്നാലും ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനം മാറില്ല, അതാണ് നിലപാട്’ വി ഡി സതീശന്‍ പറഞ്ഞു.

‘നമ്മള്‍ തെറ്റ് ചെയ്തു എന്ന ബോധ്യം വന്നാല്‍ അത് തിരുത്തപ്പെടണം. രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് സ്ഥാനമില്ല. ബിസിനസ് പോലെയാണ് രാഷ്ട്രീയം അവിടെ വൈകാരികതയുമായി ഒന്നിനെയും ബന്ധപ്പെടുത്തരുത്. രാഷ്ട്രീയത്തില്‍ കാല്‍ക്കുലേറ്റഡ് റിസ്‌കാണ് അനിവാര്യം. പാര്‍ട്ടിയുടെ തീരുമാനം എന്ത് എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.’ വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയെ കണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത്. സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. അതിന് പിന്നാലെ കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്നാണ് ഇപ്പോൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.