ഐ എസുമായി ബന്ധം ആറ് കൗമാരപ്രായക്കാർ അറസ്റ്റിൽ

0
21

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ തീവ്രവാദ സംഘടനയായ ഐഎസുമായി സമ്പർക്കം പുലർത്തിയ 6 കൗമാരപ്രായക്കാരെ ദേശീയ സുരക്ഷാ വിഭാഗം അറസ്റ്റ്‌ ചെയ്തു. ആറുപേരും കുവൈറ്റ് സ്വദേശികളാണ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഹമ്മദിയിലെ ഒരു കുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണു സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വീട്ടിൽ നിന്ന് ആയുധങ്ങളും കമ്പ്യൂട്ടറും ഐ.എസ് സുമായി ആശയ വിനിമയം നടത്തിയതിന്റെ നിരവധി രേഖളും ദേശീയ സുരക്ഷാ സേന കണ്ടെടുത്തു. തുടർന്ന് കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയ പ്രചാരണത്തിനായി തീവ്രവാദ സംഘടന മൊബൈൽ ഗെയിമുകളാണ് ഉപയോഗിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.
ഇവർ തീവ്ര വാദ ആശയങ്ങൾ മറ്റു പലരിലേക്കും പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പ്രശസ്ത ഓൺ ലൈൻ ഗെയിം വഴിയാണു ഐ.എസ്‌ ഏജന്റുമായി താൻ പരിചയപ്പെട്ടത് എന്ന് മുഖ്യ പ്രതിയായ ബാലൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ഒരാഴ്ചക്ക്‌ ശേഷം ഇയാൾ സോഷ്യൽ മീഡിയ വഴി തന്നെ ബന്ധപ്പെടുകയും തീവ്ര വാദ ആശയങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് താമസിക്കുന്ന മുറിയിൽ ഐ.എസ്‌. പതാക വരക്കുവാനും സംഘത്തിലേക്ക്‌ കൂടുതൽ സുഹൃത്തുക്കളെ കൂടി ചേർക്കുവാനും ആവശ്യപ്പെടുകയും ഇതിനായി സാമ്പത്തിക സഹായം വാഗ്ദാനം നൽകുകയും ചെയ്തു. ഇതേ തുടർന്ന് തന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളുമായി സംസാരിക്കുകയും സംഘത്തിലേക്ക്‌ മറ്റു നാലു പേരെ കൂടി ചേർക്കുകയും ചെയ്തതായി മുഖ്യ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കുട്ടികളുടെ കുറ്റ കൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലേക്ക്‌ മാറ്റിയിരിക്കുകയാണു.